9/18/2008

ശ്ലഥഗീതങ്ങളുടെ രാത്രി

1
ഈ നിശബ്‌ദതയില്‍
എന്നെ കൂകി
ഭയപ്പെടുത്തുവാന്‍
പോലും ഒന്നുമില്ല.
ഒരു ശ്ലഥഗീതം പോലെ
മുറിയില്‍ പടര്‍ന്ന
പുകച്ചുരുളുകള്‍ക്കിടയില്‍
ഞാന്‍ മാത്രം ബാക്കിയാവുന്നു
പടിഞ്ഞാറു നിന്ന്‌
ഇതിലെ പാഞ്ഞു പോയ
കുതിരയുടെ കാല്‍പ്പാടുകള്‍
അടിവയറ്റില്‍ നീലിച്ചു കിടക്കുന്നു
2
ഈ നേരമത്രയും
നിങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്‌
നിലയ്‌ക്കാനാവാത്ത
ഉഷ്‌ണ പ്രാഹങ്ങളേയും
പുകഞ്ഞു തീരുന്ന
ഇരുട്ടിനേയും പറ്റി
പക്ഷേ
ഞാനോ...
ഞാന്‍ നഗ്നകാമുകന്‍
രസനാളങ്ങളില്‍ അഗ്നി പടര്‍ത്തുന്നവന്‍
വരണ്ട രതിപാടങ്ങളില്‍ സ്‌നേഹത്തിന്റെ
തെളിനീരു പടര്‍ത്തുന്നവന്‍
അഗ്നിച്ചിറകുകളാല്‍
മാപിനികളുടെ ലക്ഷ്യം തെറ്റിച്ച്‌
തീക്കനല്‍ പാടങ്ങളിലേക്ക്‌
പറന്നിറങ്ങുന്നവന്‍
3
ഇരുട്ടു മാത്രം
ബാക്കിയായ
തുരങ്കത്തില്‍
കുമ്പസാരം
കഴിഞ്ഞിറങ്ങിയ
മെഴുകുതിരിക്കൂട്ടങ്ങള്‍
വരിവരിയായി നടന്നടുക്കുന്നു
----------------------
വെളിച്ചം പരക്കും മുമ്പ്‌
ചെങ്കുത്തായ നിലങ്ങളിലേക്ക്‌
ലാവപോലെ എനിക്കു പരന്നൊഴുകണം